പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം; എട്ട് പവൻ സ്വർണാഭരണം നഷ്ടപ്പെട്ടെന്ന് പരാതി

എറണാകുളം ആലുവയിൽ പട്ടാപ്പകൽ വീട്ടുകാർ പുറത്തുപോയ രണ്ട് മണിക്കൂറിനിടയിൽ വാതിൽ കുത്തിതുറന്ന് എട്ട് പവൻ സ്വർണാഭരണം കവർന്നു. ചാലക്കൽ മോസ്കോ താഴത്തങ്ങാടി വീട്ടിൽ നിഷാദ് ജലീലിന്റെ വാടക വീട്ടിലാണ് കവർച്ച നടന്നത്.
ഉച്ചക്ക് 11.45നും 1.50നും മദ്ധ്യേയാണ് കവർച്ച നടന്നത്. കീഴ്മാട് സൊസൈറ്റിപ്പടിയിൽ താമസിക്കുന്ന ബന്ധുവിന്റെ വീടുമാറി താമസത്തിന് നിഷാദും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഉച്ചക്ക് 11.45ന് പോകുകയും തിരികെ 1.50ന് എത്തുകയും ചെയ്തു. പിൻവശത്തെ ഫൈബർ വാതിൽ തുറന്ന നിലയിൽ കണ്ടതിനെ തുടർന്ന് അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. ഫ്രിഡ്ജിന്റെ മുകളിലിരുന്ന താക്കോൽ എടുത്താണ് അലമാര തുറന്നത്. അലമാരയിലെ ലോക്കർ പൂട്ടിയിരുന്നില്ല.
സ്വർണമാല, വള, കുട്ടികളുടെ കമ്മൽ എന്നിവയെല്ലാം ഉൾപ്പെടെയാണ് നഷ്ടമായത്. സമീപത്തെ ക്രഷർ കമ്പനിയിൽ ജീവനക്കാരനായ നിഷാദ് സ്വന്തമായി പുതിയ വീട് നിർമ്മിക്കുന്നതിനാലാണ് അടുത്ത ബന്ധുവിന്റെ വീട്ടിൽ വാടകക്കാണ് താമസിക്കുന്നത്. മോഷണ വിവരമറിഞ്ഞ് അബോധാവസ്ഥയിലായ നിഷാദിന്റെ ഭാര്യയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



