‘മരിക്കുന്നതുവരെ സഖാവായിരിക്കും’ ബിജെപിക്കൊപ്പം വിജയാഘോഷത്തിൽ നൃത്തം ചെയ്തതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാർത്ഥി

ബിജെപി സ്ഥാനാർത്ഥിയുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത് നൃത്തം വെച്ചതിൽ വിശദീകരണവുമായി സിപിഎം സ്ഥാനാർത്ഥി അഞ്ജു സന്ദീപ്. മരിക്കുന്നതുവരെ സഖാവായിരിക്കുമെന്ന് പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ 24ാം വാർർഡിൽ സിപിഎം സ്ഥാനാർത്ഥിയായി ചുറ്റിക അരിവാൾ നക്ഷത്രമടയാളത്തിൽ മത്സരിച്ച അഞ്ജു സന്ദീപ് വ്യക്തമാക്കി. പാർട്ടി നോക്കിയല്ല ബിജെപി സ്ഥാനാർത്ഥിയുടെ ആഹ്ലാദ പ്രകനടത്തിൽ പങ്കെടുത്തതെന്നും വ്യക്തിപരമായ ബന്ധങ്ങൾ കാരണമാണ് ഒപ്പം നൃത്തം വെച്ചതെന്നും അഞ്ജു സന്ദീപ് പറഞ്ഞു. തൻറേത് പാർട്ടി കുടുംബമാണെന്നും ഭർത്താവ് പാർട്ടിയുടെ സജീവ പ്രവർത്തകനാണെന്നും അഞ്ജു പറഞ്ഞു. വ്യക്തി ബന്ധങ്ങളുടെ പേരിൽ നൃത്തം വെച്ചത് ഇത്രയും വലിയ വിവാദമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അഞ്ജു സന്ദീപ് പറഞ്ഞു.ചെറുപ്പം മുതലെ കമ്യൂണിസ്റ്റുകാരിയാണ്. ഇപ്പോഴും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അഞ്ജു പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അഞ്ജു കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും വിജയിച്ച ബിജെപി സ്ഥാനാർത്ഥി സ്നേഹ രാമകൃഷ്ണൻറെ വിജയാഘോഷ റാലിയിൽ പങ്കെടുത്താണ് അഞ്ജു നൃത്തം ചെയ്തത്.



