ജോലി വാഗ്ദാനം നൽകി പലതവണ പീഡനത്തിന് ഇരയാക്കി; ഹോട്ടലിലും, കാറിലും വച്ച്… പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലക്കാട്ടെ കോൺ​ഗ്രസ് നേതാവ് പ്രശോഭിനെതിരെയുള്ള പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രശോഭിനെതിരെയുള്ള എല്ലാം തെളിവുകളും ഉണ്ടെന്ന് അതിജീവിത. ജോലി വാഗ്ദാനം നൽകി പലതവണ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇതെല്ലം തന്റെ കയ്യിൽ സുരക്ഷിതമാണ്.

ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകിയെന്നും അബോർഷൻ ചെയ്യാൻ നിർബന്ധിച്ചുവെന്നും അതിജീവിത വെളിപ്പെടുത്തി. നിരന്തരം ഭീഷണിയും ഉണ്ടായി. നിരന്തരം പീഡനം തുടർന്ന്. ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്പിക്കും പരാതി നൽകിയതെന്നും യുവതി പറഞ്ഞു.

നഗരസഭയിലെ 24-ാം വാർഡ് കൗൺസിലറായിരുന്നു പ്രശോഭ് സി. വത്സൻ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും ഇയാൾ അതിക്രമം കാട്ടി.

നഗരത്തിലെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടായിരുന്നു. തുടർച്ചയായ ഭീഷണികളും പീഡനങ്ങളും സഹിക്കവയ്യാതെയാണ് പരാതിയുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി. നിലവിൽ പ്രശോഭ് ഒളിവിലാണെന്നാണ് വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രശോഭ്.

മുൻപ് രാഹുൽ മാങ്കൂട്ടത്തിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ടപ്പോൾ, പിന്നീട് പാലക്കാട് എത്തിയത് പ്രശോഭിന് വേണ്ടി വോട്ട് ചോദിക്കാനായിരുന്നു. നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം പ്രശോഭ് ആദ്യം പോയതും രാഹുലിനെ കാണാനായിരുന്നു. ദളിത് യുവതിയുടെ പരാതിയിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ലൈംഗിക അതിക്രമത്തിനുമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് സാധ്യത.

ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തിയെന്നും, ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതി പറയുന്നുണ്ട്. പ്രശോഭിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കുമാണ് യുവതി പരാതി നൽകിയത്. പ്രതിയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button