അടുത്ത 3 മണിക്കൂറിൽ 11 ജില്ലകളിൽ ഇടിമിന്നൽ മഴ സാധ്യത..ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി..
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
അതിനിടെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദ സാധ്യതയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാത ചുഴി സീസണിലെ ആദ്യ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് വ്യക്തമാകുന്നത്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (06/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, നാളെ (07/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (06/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.