സാങ്കേതിക പിഴവ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചു… എക്സിനെതിരെ കേസെടുത്ത് സൈബർ പോലീസ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബിജെപി സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വീഡിയോ നീക്കം ചെയ്യാത്തതിനെ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ കേസെടുത്ത് സൈബർ പോലീസ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് നടപടി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ബിജെപിയുടെ സീൽ പതിഞ്ഞത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഇത് ഉദ്യോഗസ്ഥന് പറ്റിയ സാങ്കേതിക പിഴവാണെന്നും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നേരത്തെ വിശദീകരിച്ചിരുന്നു. ഈ സാങ്കേതിക പിഴവിനെ മുൻനിർത്തി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലും പ്രധാനമന്ത്രിയെയും കമ്മീഷനെയും അധിക്ഷേപിക്കുന്ന തരത്തിലും വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് പരാതി.
പരാതി ലഭിച്ച ഉടൻ തന്നെ വീഡിയോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സൈബർ പോലീസ് മെറ്റയ്ക്കും എക്സിനും കത്ത് നൽകിയിരുന്നു. മെറ്റ ദൃശ്യങ്ങൾ നീക്കം ചെയ്തെങ്കിലും എക്സ് വീഡിയോ മാറ്റാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എക്സിനെതിരെ നിയമനടപടി സ്വീകരിച്ചത്. കമ്മീഷനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച അക്കൗണ്ടുകളെക്കുറിച്ചും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചും സൈബർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ഇടപെടലുകൾക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിലെ പൊലീസ് ഇടപെടലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. താന്‍ അല്ല ഇപ്പോള്‍ പൊലീസിനെ നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നോട്ടീസില്‍ ബിജെപിയുടെ സീല്‍ കണ്ടത് ഗുരുതര വിഷയമാണെന്നും പിണറായി വിജയന് വിമര്‍ശിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നുള്ളതെല്ലാം അവര്‍ വ്യക്തത വരുത്തേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



