കെ ജെ ഷൈനെതിരായ സൈബർ ആക്രമണം;ഷാജഹാൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി,പൊലീസ് സ്റ്റേഷന് മുന്നിൽ CPIM പ്രതിഷേധം…

സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണക്കേസിൽ യൂട്യൂബർ കെ എം ഷാജഹാൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആലുവയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസിന്റെ ചോദ്യം ചെയ്യൽ നടന്നത്. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് അന്വേഷണ സംഘം പിടിച്ചെടുത്തു. കെ ജെ ഷൈനിൻ്റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലയെന്ന് ഷാജഹാൻ പൊലീസിനോട് വ്യക്തമാക്കി.

ചോദ്യം ചെയ്യലിന് ഹാജരായ ഷാജഹാനെതിരെ ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധം നടത്തി. ‘പരനാറി’ മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഷാജഹാൻ കയറിയ ഓട്ടോറിക്ഷയും പ്രവർത്തകർ തടഞ്ഞു. പുതിയതൊന്നും പറയാനില്ലെന്നും മുൻപ് പറഞ്ഞ കാര്യങ്ങൾ തന്നെ അന്വേഷണ സംഘത്തോടും പറഞ്ഞുവെന്നും ഷാജഹാൻ പ്രതികരിച്ചു. മറ്റു കാര്യങ്ങളൊന്നും അറിയില്ലയെന്നും രേഖകളൊന്നും ചോദിച്ചിട്ടില്ലായെന്നും കെ എം ഷാജഹാൻ പറഞ്ഞു.

കേസിൽ ഇന്നലെ ഹാജരാകാനായിരുന്നു കെ എം ഷാജഹാനും മറ്റൊരു പ്രതിയായ സി കെ ഗോപാലകൃഷ്ണനും നോട്ടീസ് നൽകിയത്. എന്നാൽ ഇരുവരും ഹാജരായിരുന്നില്ല. ഇന്നലെ രാവിലെ 10 ന് ഗോപാലകൃഷ്ണനോടും 2 ന് മുൻപ് ഷാജഹാനോടും ഹാജരാകാനായിരുന്നു നിർദേശം. തിങ്കളാഴ്ച ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മൊബൈൽ ഫോണുകൾ ഉൾപ്പെടെ പിടിച്ചെടുത്തിരുന്നു.

തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഷാജഹാൻ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ എംഎൽഎമാരായ പി വി ശ്രീനിജൻ, ആന്റണി ജോൺ, കെ ജെ മാക്‌സി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. യൂട്യൂബിലൂടെ വാസ്തവ വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർ പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് എംഎൽഎമാർ പരാതി നൽകിയത്.

Related Articles

Back to top button