സംസാരിക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ബഹളം തുടർന്നു, ക്ഷോഭിച്ച് വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടക്കുന്ന പുതുയുഗ യാത്ര ഇടുക്കി അടിമാലിയിലെത്തിയപ്പോൾ നൽകിയ സ്വീകരണ പരിപാടിക്കിടെ തിരക്കും ബഹളവും. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ വേദിയിൽ നിന്നും സദസിൽ നിന്നും ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതോടെ പല തവണ ആരും സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നിട്ടും ബഹളം തുടർന്നപ്പോഴാണ് വിഡി സതീശൻ ക്ഷോഭിച്ചത്. മാത്രമല്ല സ്റ്റേജിൽ തിക്കും തിരക്കും ഉണ്ടായതോടെ സ്റ്റേജിൽ നിന്ന നേതാക്കളോട് പിന്നോട്ട് മാറി നിൽക്കാനും വിഡി സതീശൻ ആവശ്യപ്പെട്ടു. നേതാക്കൾ പിന്നോട്ട് മാറിയ ശേഷമാണ് പ്രസംഗം തുടർന്നത്. പുതുയുഗ യാത്രയിലെ വേദിയിലെ തിക്കും തിരക്കും കുറ്റ്യാടിയിലടക്കം വിവാദമായിരുന്നു. പിന്നാലെയാണ് ഇപ്പോൾ അടിമാലിയിലും ഇത് ആവർത്തിച്ചത്.

സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. ഈ സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ക്രൂരമായി പെരുമാറുകയാണെന്നും ഇടുക്കിയിലെ ഭൂമി പ്രശ്നം കേസ് നടത്തി സർക്കാർ കുളമാക്കിയെന്നും യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ ഉപാധി രഹിത പട്ടയം നൽകുമെന്നും വിഡി സതീശൻ പറഞ്ഞു. രണ്ടു വകുപ്പ് രണ്ടു രീതിയിൽ കോടതിയിൽ പറയുന്ന സ്‌ഥിതി ആണ് കേരളത്തിൽ.

വന്യ ജീവി ആക്രമണം തടയാൻപരമ്പരാഗതവും ആധുനികവുമായ രീതി സംയോജിപ്പിക്കും. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരിക്കും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലർ പറയും കൈയ്യിൽ വോട്ട് ബാങ്ക് ഉണ്ടെന്ന്. വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വച്ചാ മതി, വർഗീയത പറയാൻ വരണ്ട എന്ന് അവരോട് തിരിച്ച് പറയുമെന്നും വിഡി സതീശൻ പറഞ്ഞു. സിപിഎമ്മിന് രക്തസാക്ഷികൾ ഉണ്ടാകുന്നത് ബമ്പർ അടിക്കുന്ന പോലെയാണ്. അപ്പോൾ തുടങ്ങും പിരിക്കാനെന്നും വിഡി സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തന്ത്രിയെ എന്തിന് അറസ്റ്റ് ചെയ്തുവെന്നതിൽ പ്രത്യേക അന്വേഷണ സംഘം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും. ഇക്കാര്യത്തിൽ ഉത്തരം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പ്രതികൂട്ടിൽ നിന്ന സമയത്താണ് തന്ത്രിക്ക് നേരെ അന്വേഷണം പോയത്. ഒരു പൗരന് നൽകേണ്ട പരിഗണന തന്ത്രിക്ക് നൽകണമെന്നും വിഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നതിൽ ഡാറ്റാ മോഷണത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണം. ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തു തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് എൽഡിഎഫ്. ഇതിനെതിരെ ശക്തമായ സമരം നടത്തും.

ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും വന്യ ജീവി ആക്രമണവുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നുണ്ട്. നഷ്ട പരിഹാരം മുഴുവൻ കൊടുക്കുന്നില്ല. ജോലി കൊടുക്കുന്നില്ല എന്നിങ്ങനെ പോകുന്നു പരാതികൾ. ഇതിന് പരിഹാരമുണ്ടാകും. വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ് ഒറ്റപ്പെട്ട സംഭവം അല്ല. എല്ലാദിവസവും വ്യാപകമായ സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, സര്‍ക്കാരിന് എല്ലാം ഒറ്റപ്പെട്ട സംഭവമാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം അടിമാലിയിൽ സംസാരിച്ചു.

Related Articles

Back to top button