സ്ഥാനാര്‍ത്ഥി പട്ടികയ്ക്കെതിരെ വിമര്‍ശനം… നോബിള്‍ മാത്യൂവിനെ സസ്പെന്‍ഡ് ചെയ്ത് ബിജെപി

അഡ്വ.നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയാണ് നോബിള്‍ മാത്യു.
കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ നോബിള്‍ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്കുള്ളില്‍ ഗ്രൂപ്പ് പോരും വീതം വെയ്പ്പുമാണ് നടന്നത്. സുരേന്ദ്രന് ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതം വെയ്പ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിന്റെ താല്പര്യങ്ങളും ഇതില്‍ പ്രതിഫലിച്ചുവെന്നും നോബിള്‍ മാത്യു പറഞ്ഞിരുന്നു.



