വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ… സംഭവം അമ്പലപ്പുഴയിൽ…

അമ്പലപ്പുഴ: വയോധികനെ കമ്പി വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസിലെ പ്രതിയായിരുന്ന അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേചെന്നാട്ട് വീട്ടിൽ വിനീത് കുമാറിനെയാണ് അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ സെപ്റ്റംബർ 25-ാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പ്രതിയെ അമ്പലപ്പുഴയിലെ ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധം നിമിത്തം പരാതിക്കാരനായ വയോധികനെ അസഭ്യം വിളിക്കുകയും, ഇടത് കവിളിൽ അടിക്കുകയും, കമ്പി വടി കൊണ്ട് ഇടത് കൈയ്യിൽ അടിക്കുകയും ചെയ്തിരുന്നു. ഇടത് കൈവിരലിന് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് വയോധികൻ്റെ പരാതിയിൽ അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, ജൂനിയർ സബ്ബ് ഇൻസ്പെക്ടർ അജിൻ എസ്, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ലതാ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിഷ്ണു ജി, ജോസഫ് ജോയി, സിവിൽ പോലീസ് ഓഫീസർമാരായ തൻസീം ജാഫർ, അരുൺകുമാർ, മിഥുൻ ശശി, അമ്പാടി കെ.എസ്, ഹാരിസൺ ഹെൻട്രി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



