യുവാവിനെ ആക്രമിച്ച് തട്ടിയെടുത്തത്…ആലപ്പുഴ സ്വദേശിയായ സ്ത്രീ ഉൾപ്പെടെ…

യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസിൽ സ്ത്രീയടക്കം രണ്ടു പേർ പിടിയിൽ. ആലപ്പുഴ കാവാലം സ്വദേശി കുഞ്ഞുമോൾ, തിരുവനന്തപുരം പോത്തൻകോട് സ്വദേശി നിജാസ് എന്നിവരെയാണ് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ചെട്ടികുളങ്ങര സ്വദേശി ഗിരീഷിനെ ആക്രമിച്ചാണ് പ്രതികൾ അഞ്ചര ലക്ഷം രൂപ കവർന്നത്. പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഗിരീഷിനെ പ്രതികൾ പുനലൂരിലെത്തിച്ചതും ആക്രമിച്ച് പണം തട്ടിയെടുത്തതും.

കുഞ്ഞുമോളെയും നിജാസിനെയും ഗിരീഷ് പരിചയപ്പെടുന്നത് ജ്വല്ലറിയിൽവെച്ചാണ് . പഴയ സ്വർണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച പ്രതികൾ ഗിരീഷിനെ കൊല്ലം ജില്ലയിലെ പുനലൂരിൽ എത്തിച്ചു. കുഞ്ഞുമോളുടെ പരിചയക്കാരനായ ശ്രീകുമാർ എന്നയാളുമായി കൂടിക്കാഴ്ച നടത്തി. സ്വർണം കാണാതെ പണം നൽകില്ലെന്ന് ഗിരീഷ് പറഞ്ഞു. തുടർന്ന് കുഞ്ഞുമോളും നിജാസും ഗിരീഷും വന്ന കാറിൽ തന്നെ മടങ്ങാൻ തുടങ്ങി. നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ കുഞ്ഞുമോൾക്ക് ശ്രീകുമാറിൻറെ ഫോൺകോൾ എത്തി. തുടർന്ന് ഗിരീഷിനെ ശ്രീകുമാറും കൂട്ടാളിയും കാത്തുനിന്ന സ്ഥലത്ത് എത്തിച്ചു.

അവിടെ നിന്ന് ഗിരീഷിനെ ചെമ്മന്തൂരിലേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കുകയായിരുന്നു. ഗിരീഷിൻറെ ബാഗിൽ ഉണ്ടായിരുന്ന അഞ്ചര ലക്ഷം രൂപ കവർന്നു. ഫോണും തട്ടിയെടുത്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് നിന്ന ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. സി സി ടി വികൾ പരിശോധിച്ച പുനലൂർ പൊലീസ് കുഞ്ഞുമോളും നിജാസും രക്ഷപ്പെട്ട കാർ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര ഭാഗത്തു നിന്ന് കാർ കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഗിരീഷിൽ നിന്നും തട്ടിയെടുത്ത പണത്തിൻറെ ഒരു വിഹിതവും കാറിൽ നിന്ന് ലഭിച്ചു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രതികൾക്ക് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button