ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ഫോണിലൂടെ ഭീഷണിപ്പെടുത്തി.. എഫ്‌ഐആര്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്.. പറയുന്നത് ഗുരുതരമായ…
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അഞ്ചുപേരുടെ പരാതികളിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്. ബി.എന്‍.എസ്. 78(2), 351, പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു.
സ്ത്രീകളെ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് ശല്യം ചെയ്‌തെന്ന് എഫ്.ഐ.ആർ പറയുന്നു. ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചുവെന്നും, ഫോൺ വഴി സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.
പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല. നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ കേസെടുക്കണമെന്ന് പരാതി നൽകിയ ഹൈക്കോടതി അഭിഭാഷകൻ ഷിന്റോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചു.
ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.അതേസമയം രണ്ട് യുവതികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുണ്ടെന്നുള്ള വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചതായുള്ള സൂചനയും പുറത്ത് വന്നിരുന്നു. ആദ്യം ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയും ബന്ധുവും രണ്ടാമത്തെ യുവതിയെ ഗര്‍ഭഛിദ്രം നടത്തുന്നതിന് സഹായിച്ചെന്ന വിവരവും ഉദ്യോഗസ്ഥന് ലഭിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുവതിയുടെ അടക്കം മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്.