സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി

ഷൊർണൂർ നഗരസഭയിൽ ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച പി നിർമല ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ ആകും. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഏരിയ കമ്മിറ്റിയുടെ തീരുമാനം ഇടതുമുന്നണിയുടെ ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ഷൊർണൂർ നഗരസഭയിലെ ചെയർപേഴ്സൺ ആരാകുമെന്നതിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കെട്ടടങ്ങുകയാണ്. അതേസമയം, സംഭവത്തിൽ സിപിഎമ്മിനിടയിൽ നിന്നു തന്നെ എതിർപ്പ് ഉയരുന്നുണ്ട്.
ഷൊർണൂരിലെ പ്രാദേശിക നേതാക്കൾ അഭിപ്രായ വ്യത്യാസങ്ങൾ നവമാധ്യമങ്ങളിലൂടെയും പങ്കുവെച്ചിട്ടുണ്ട്. ആകെ 17 സീറ്റുകളാണ് ഷൊർണൂർ നഗരസഭയിൽ ഇടതുപക്ഷത്തിന് ലഭിച്ചിട്ടുള്ളത്. ആദ്യം കോൺഗ്രസും ബിജെപിയും സംയുക്തമായി പി നിർമലയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ബിജെപിയുടെയും , കോൺഗ്രസിന്റെയും ഘടകങ്ങൾ യോഗം ചേർന്ന് അത്തരമൊരു നീക്കം വേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഷൊർണൂരിലെ ഒരു വിഭാഗം സിപിഎം നേതാക്കൾക്കിടയിൽ അതൃപ്തിയുണ്ടെങ്കിലും ഭരണ സ്ഥിരതയ്ക്ക് വേണ്ടിയാണ് തീരുമാനമെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം. ആകെയുള്ള 35 സീറ്റിൽ എൽഡിഎഫ്- 17, ബിജെപി -12, യുഡിഎഫ് 5, സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില.




