ജോലിക്കുവേണ്ടി കാത്തിരുന്ന യുവതികളുടെ സങ്കടം കാണാത്ത ഡിവൈഎഫ്‌ഐയെ പിരിച്ചുവിടണം..
സംസ്ഥാന സര്‍ക്കാരിനും യുവജന സംഘടനയായ ഡിവൈഎഫ്‌ഐയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്. ജോലിക്കുവേണ്ടി കാത്തിരിക്കുന്ന യുവതികളുടെ സങ്കടം ഡിവൈഎഫ്ഐ കണ്ടില്ലെന്നും സംഘടന പിരിച്ചുവിടണമെന്നും എം ടി രമേശ് പറഞ്ഞു. യുവജന വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അത് കമ്മ്യൂണിസ്റ്റ് മനോഭാവമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത് വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികളുടെയും ആശാവര്‍ക്കര്‍മാരുടെയും കണ്ണുനീരിലാണ്. വനിതാ സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ അവര്‍ക്ക് പരിചയമില്ലാത്ത സമരമുറകളാണ് നടത്തിയത്. എന്നിട്ടും സര്‍ക്കാര്‍ അവരോട് ക്രൂര സമീപനം നടത്തി. സ്വകാര്യ കമ്പനിയിലേക്ക് ജോലിക്കുപോകാനാണ് സര്‍ക്കാര്‍ അവരോട് ആവശ്യപ്പെട്ടത്. ആശാവര്‍ക്കര്‍മാരുടെ സമരത്തിനോടും സര്‍ക്കാര്‍ മുഖംതിരിച്ചു. യുവജനങ്ങളോട് മാപ്പുപറഞ്ഞാകണം സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കേണ്ടത്’- എംടി രമേശ് പറഞ്ഞു. ലഹരി മാഫിയകളോട് സര്‍ക്കാരിന് മൃദുസമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്നലെയാണ് വനിതാ സിപിഒ റാങ്ക് പട്ടികയിലുളള ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചത്. നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സമരം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. ഹാള്‍ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്. ഇടത് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവും ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയിരുന്നു.’നിങ്ങള്‍ തീ കൊളുത്തി മരിച്ചാലും തൂങ്ങി മരിച്ചാലും പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്നാണ് സമരം തുടങ്ങി രണ്ടാം ദിവസം എകെജി സെന്ററിലെത്തിയപ്പോള്‍ ഒരു നേതാവ് പറഞ്ഞത്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഞങ്ങള്‍ കാണാത്ത നേതാക്കളില്ല. പികെ ശ്രീമതി പറഞ്ഞത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദുര്‍വാശിയാണെന്നാണ്. അവകാശപ്പെട്ട ജോലി ചോദിക്കുന്നത് എങ്ങനെയാണ് ദുര്‍വാശിയാകുന്നത്? 18 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കിടന്നിട്ട് ഒരു ഇടത് വനിതാ നേതാവുപോലും തിരിഞ്ഞുനോക്കിയില്ല’-എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞത്.