എ.പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി സിപിഎം..സ്‌ക്രീൻഷോട്ട് പുറത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായിരുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിനെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ വെള്ളിയാഴ്ച വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയതിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവന്നു. ശബരിമല സ്വർണക്കൊള്ളകേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും എ.പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല.
സിപിഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകറ്റിനിർത്താനാണ് നീക്കമെന്നാണ് വിവരം. ശബരിമല സ്വർണക്കൊള്ളയിലും കട്ടിളപാളി കേസിലും റിമാൻഡ് കാലാവധി പൂർത്തിയാക്കിയ പത്മകുമാർ ജയിൽ മോചിതനായിരുന്നു. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.



