കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി ഇപി ജയരാജൻ

കുന്നംകുളം പൊലീസ് മർദനത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ പറഞ്ഞു. പൊലീസ് സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല. മുൻപ് നടന്ന സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. പൊലീസിനെതിരെ വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി ഇപി ജയരാജൻ രംഗത്തെത്തിയത്.

ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ തൂക്കിക്കൊല്ലാനോ തല്ലാനോ കഴിയില്ലല്ലോ. മർദനമേറ്റത് എസ്എഫ്ഐക്കാരൻ ആണെങ്കിലും പരാതി ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ഇപി ജയരാജൻ പറഞ്ഞു. അതേസമയം, കസ്റ്റഡി മര്‍ദനങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസിൽ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും വിഡി സതീശൻ വ്യക്തമാക്കി.

കേരള പൊലീസിലെ ഒരു കൂട്ടം ക്രിമിനലുകള്‍ നടത്തിയ ക്രൂരമര്‍ദനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ തെളിവ് സഹിതം തുടര്‍ച്ചയായി പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനം തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. കുന്നംകുളത്തും പീച്ചിയിലും പൊലീസ് ചെയ്ത ക്രൂരതയുടെ ദൃശ്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കണ്ടിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് സംരക്ഷണമൊരുക്കുകയായിരുന്നു. ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണം. ആഭ്യന്തര വകുപ്പില്‍ മുഖ്യമന്ത്രിക്ക് ഒരു നിയന്ത്രണവുമില്ലെന്ന് തുടര്‍ച്ചയായി തെളിയുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്‍റെ നിയന്ത്രണത്തിലാണ് കേരളത്തിലെ പൊലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. സ്വന്തം വകുപ്പ് ഇത്രമേല്‍ ആരോപണങ്ങള്‍ നേരിടുമ്പോഴും ഒരക്ഷരം ഉരിയാടുകയോ കാര്യമായ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത ഒരു മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവ പരമ്പരയില്‍ ഇനിയെങ്കിലും മൗനം വെടിയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

Related Articles

Back to top button