ബിജെപിയെ സഹായിക്കാൻ സിപിഎം ശ്രമിക്കുന്നു.. പാലക്കാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിമർശനവുമായി സതീശൻ

കൊച്ചി: പാലക്കാട് സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച സീറ്റാണ് പാലക്കാട്. രണ്ടാം സ്ഥാനത്ത് ബിജെപിയായിരുന്നു. പരിതാപകരമായ അവസ്ഥയിലായിരുന്നു സിപിഎം. പാലക്കാട് ദുർബലനായ സ്ഥാനാർഥിയെ നിർത്തി യുഡിഎഫ് വോട്ടുകൾ വിഭജിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ ജയിപ്പിക്കാനായി മനഃപൂർവം നിർത്തിയ സ്ഥാനാർഥിയാണ് സിപിഎമ്മിന്റേതെന്നും വി.ഡി.സതീശൻ പറഞ്ഞു.
കോൺഗ്രസ് നാണംകെട്ട പാർട്ടിയെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത് രാഷ്ട്രീയം അറിയാത്തതിനാലാണ്. നൂലിൽകെട്ടി ഇറക്കിയ ആളാണ് രാജീവ്. കോൺഗ്രസുകാർ സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. അവരെ പഠിപ്പിക്കാൻ കച്ചവടക്കാരനായ രാജീവ് വരേണ്ട.
സിപിഎമ്മും ബിജെപിയുമായുള്ള സീറ്റ് ധാരണയുടെ ഉദാഹരണമായി കൊച്ചിൽ ട്വന്റി 20 മത്സരിക്കുന്ന സീറ്റുകൾ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ട്വന്റി 20 യെ എവിടെയൊക്കെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എൻഡിഎയിലെ ദുർബലരായ സ്ഥാനാർഥികള്ക്ക് പലയിടത്തും സീറ്റ് നൽകി. ഇതെല്ലാം ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് കൈമാറ്റത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽഗാന്ധിയുടെ കോൺഗ്രസ് ബിജെപിയുടെ ബി ടീം ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിണറായി അല്ലാതെ രാജ്യത്ത് മറ്റൊരാളും ഇത് പറയില്ല. തകർന്നു വീഴാത്ത പാലത്തിന്റെ പേരിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ ജയിലാക്കാൻ എൽഡിഎഫ് നോക്കി. എന്നാൽ, ദേശീയപാത നൂറോളം സ്ഥലത്ത് തകർന്നു വീണിട്ടും കേന്ദ്രത്തിനെതിരെ സർക്കാരിനു പരാതിയില്ല. ദേശീയപാത പൊളിഞ്ഞതിനു പിന്നാലെ കേന്ദ്രമന്ത്രിയെ കാണാൻ പോയത് സമ്മാനവുമായാണ്. മോദിയും അമിത്ഷായും എവിടെ ഒപ്പിടാൻ പറഞ്ഞാലും അവിടെ മുഖ്യമന്ത്രി ഒപ്പിടും
അവളോടൊപ്പം എന്നു കാണിക്കാൻ മുഖ്യമന്ത്രി ചായകപ്പ് പ്രദർശിപ്പിച്ചത് പിആറിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി ഇപ്പോൾ അവളോടൊപ്പമല്ല, അവനോടൊപ്പമാണ്. ഗണേഷ് കുമാർ വിഷയം അതാണ് തെളിയിക്കുന്നത്. ഗണേഷിന്റേത് കുടുംബപ്രശ്നമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണ് ഇരട്ടത്താപ്പ്. അറിയാതെ കപ്പ് പിടിച്ചെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.



