മകനെ വ്യാജ ലഹരി കേസിൽ കുടുക്കി.. എ.എസ്.ഐക്കെതിരെ പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി…
മകനെ വ്യാജ ലഹരി കേസിൽ കൂടുക്കിയെന്ന പരാതിയുമായി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെയാണ് പരാതി.കളമശ്ശേരി പള്ളിതാഴം ബ്രാഞ്ച് സെക്രട്ടറി നാസറാണ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫെബ്രുവരി 10 ന് രാത്രിയാണ് നാസറിന്റെ മകൻ ഓടിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അടുത്ത ദിവസം വണ്ടിയുടെ ആർസി ഓണറായ നാസറിനോട് മകനെയും കൂട്ടി സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. വണ്ടി അപകടത്തിൽപെട്ട കേസിന് വിളിച്ച് വരുത്തിയ നാസറിനെ കാണിച്ചത് മകനെതിരെ എൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതിന്റെ എഫ്ഐആർ ആയിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മകനെതിരെ എ.എസ്.ഐ. വ്യാജ എഫ്ഐആർ ഇട്ടുവെന്നാണ് പരാതി.
നാല്ഗ്രാം കഞ്ചാവ് നാസറിന്റെ മകൻ അൽ അമീന്റെ പക്കൽ നിന്നും ലഭിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.എന്നാൽ തന്റെ പക്കൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് അൽ അമീൻ പറഞ്ഞു. നാസറിന്റെ മൊഴിയെടുത്തിട്ടുണ്ട്. സംഭവ ദിവസത്തെ പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. വ്യക്തി വൈരാഗ്യം തീർത്ത എഎസ്ഐക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.