ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലൈംഗികാരോപണമുണ്ടെന്ന് സിപിഎം

സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വിക്കെതിരെ ലഹരി, ലൈംഗികാരോപണങ്ങളുണ്ടെന്ന് സിപിഎം നേതാവ്‌ നാസർ കൊളായി. കാക്കനാടൻ എഴുതിയ “കുടജാദ്രിയിലെ സംഗീതം” എന്ന പൂർണ്ണ പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകത്തിലാണ് നദ്‌വി ബസിലുള്ള സ്ത്രീയോട്‌ മോശമായി പെരുമാറി എന്ന പരാമർശമുള്ളതെന്ന് നാസർ കൊളായി പറഞ്ഞു. പുസ്തകത്തിൽ നിന്ന് പരാമർശമുള്ള ഭാ​ഗം വായിച്ചുകൊണ്ടാണ് നാസർ കൊളായിയുടെ പരാമർശം. എന്നാൽ പുസ്തകത്തിലുള്ള പരാമർശം ബഹാവുദ്ദീനെ കുറിച്ചാണെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും നാസർ കൊളായി പറഞ്ഞു. മലപ്പുറം ചെമ്മാട് സിപിഎം പൊതുയോഗത്തിലായാണ് നാസർ കൊളായിയുടെ വിമർശനം. നേരത്തെ, സിപിഎം നേതാക്കൻമാർക്കെതിരെയുള്ള നദ്‍വിയുടെ പരാമർശം വിവാദമായിരുന്നു. ഇത് നിഷേധിച്ച് നദ്‍‍വിയും രം​ഗത്തെത്തിയിരുന്നു.

പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നായിരുന്നു ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍ വൈഫ്‌ ഇൻ ചാർജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ ഇല്ലാത്തവര്‍ കൈ ഉയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാവില്ലെന്നും ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നുമാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി പറഞ്ഞത്. കേരള മുൻ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ അമ്മ 11-ാം വയസ്സിലാണ് വിവാഹം ചെയ്തതെന്നും നദ്‍വി ചൂണ്ടിക്കാട്ടി. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. അറബിക് സര്‍വ്വകലാശാലയുടെ ചാന്‍സിലറായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ. ബഹാവുദ്ദീൻ നദ്‌വി.

ബഹാവുദ്ദീന്‍ നദ്‌വിയുടെ വിവാദ പ്രസ്താവനക്കെതിരെ ഉമര്‍ ഫൈസി മുക്കം രം​ഗത്തെത്തിയിരുന്നു. ജനപ്രതിനിധികള്‍ക്ക് വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഉണ്ടെന്ന നദ്‍വിയുടെ പ്രസ്താവന ശരിയായില്ലെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മുശാവറ അംഗം എന്ന നിലയില്‍ അദ്ദേഹം വാക്കുകളില്‍ സൂക്ഷ്മത പുലര്‍ത്തണം. പറയുന്ന കാര്യം സത്യസന്ധമായിരിക്കണം. എല്ലാ പാര്‍ട്ടികളുടേയും നേതാക്കളെ സംശയമുനയിലാക്കുന്ന പ്രസ്താവനയാണ് നദ്‍വി നടത്തിയത്. ഇത് സമസ്തയുടെ നിലപാടല്ലെന്നും ഉമര്‍ഫൈസി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button