‘പിഎം ശ്രീ വിവാദത്തിൽ സിപിഐ എടുത്ത നിലപാട് എൽഡിഎഫിന് വേണ്ടി, ഒപ്പിട്ടാലേ പണം തരൂ എന്നുള്ളത് ആർഎസ്എസിൻറെ ദുർവാശി’..

പിഎം ശ്രീ വിവാദത്തിൽ സിപിഐ എടുത്ത നിലപാട് എൽഡിഎഫിന് വേണ്ടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ വിജയമല്ല, ഇടതുമുന്നണിയുടെ രാഷ്ട്രീയ വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കത്ത് പോകുമെന്ന് ഉറപ്പായിരുന്നു എന്നും ഇതോടെ ആ വിഷയം തീർന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പിഎം ശ്രീയും എസ്എസ്കെയും ഒന്നല്ല രണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒപ്പിട്ടാലേ പണം തരൂ എന്നുള്ളത് ആർഎസ്എസിൻറെ ദുർവാശിയാണ്. രണ്ട് ചേരിയാക്കേണ്ടത് മാധ്യമങ്ങളുടെ ആവശ്യമാണെന്നും ബിനോയ് വിശ്വം രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തിന് വീണ്ടും ചർച്ചയാക്കി എന്നും ബിനോയ് ചോദിച്ചു. ശിവൻകുട്ടി വീണ്ടും കുത്തിപ്പൊക്കിയത് എന്തിനെന്ന് അറിയില്ല. എന്തുകൊണ്ട് പ്രകോപനമുണ്ടായി എന്നും അറിയില്ല. തർക്കത്തിന് സിപിഐ ഇല്ല എന്ന് പറഞ്ഞ ബിനോയ് വിശ്വം തിരുത്തൽ ശക്തി എന്ന കിരീടം സിപിഐക്ക് വേണ്ടെന്നും വ്യക്തമാക്കി. നിലപാട് എടുത്തതിൽ ഭയപ്പാടില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

