പഴയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ പദ്ധതിയുമായി സിപിഐഎം….
ആലപ്പുഴ: അരൂക്കുറ്റിയിലെ പഴയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാകാന്‍ സിപിഐഎം. 500 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കാനാണ് തീരുമാനം. സിപിഐഎം അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റിയാണ് ഇത്തരത്തില്‍ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത്. പത്ത് പേര്‍ക്കാണ് മാസം 500 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ എം ആരിഫ് അരൂക്കുറ്റിയിലെ പാര്‍ട്ടിയില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കര്‍ഷകത്തൊഴിലാളി പി എ അപ്പുവിന് (90) പെന്‍ഷന്‍ തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. തിരുവോണ ദിവസമായിരുന്നു ഉദ്ഘാടനം. അതുകൊണ്ടു തന്നെ ഓണക്കോടിയും ഇതോടൊപ്പം കൈമാറി. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു.