‘എൻ എം വിജയൻറെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ’..

വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻറെ കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാറെന്ന് എം വി ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കും. സിപിഎം നേതാക്കൾ വിജയൻറെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എൻ എം വിജയൻറെ മരുമകൾ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജൻറെ പ്രതികരണം. ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്ന് എം വി ജയരാജൻ വിമർശിച്ചു. തട്ടിപ്പുകാരുടെ സംഘമായി കോൺഗ്രസ് മാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിലെ ഗൂഢ സംഘത്തിൻറെ നടപടിയിൽ അതൃപ്തിയുള്ള ആളാണെന്നും എം വി ജയരാജൻ പറഞ്ഞു.

സിപിഎമ്മിന്റെ പുകമറയിൽ വഞ്ചിതരാകരുതെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രതികരിച്ചു. കുളം കലക്കി മീൻ പിടിക്കാൻ ആണ് സിപിഎം ശ്രമമെന്നും വിമർശിച്ചു. അതേസമയം സിദ്ദിഖിനെ വിശ്വസിക്കരുതെന്ന് കോൺഗ്രസുകാരനായ തിരുവഞ്ചൂർ തന്നെയാണ് പറഞ്ഞതെന്ന് പത്മജ വിശദീകരിച്ചു. കെ സി വേണുഗോപാലിനെ വിളിക്കാൻ തിരുവഞ്ചൂർ നിർദേശിച്ചു. കെപിസിസിക്ക് മുൻപിൽ നിരാഹാരം ഇരിക്കുമെന്നും പത്മജ വ്യക്തമാക്കി. അതേസമയം സിദ്ദിഖിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു. സഹപ്രവർത്തകരെ വിശ്വസിക്കരുത് എന്ന് പറയുന്നത് തന്റെ പണിയല്ല. ആത്മഹത്യ എല്ലാവരേയും വേദനിപ്പിക്കുന്നതാണ്. അതിന്റെ കാരണങ്ങൾ വിശദമായി പരിശോധിക്കണം. വയനാട്ടിൽ നേതാക്കൾക്കിടയിൽ പരസ്പരം ഇഷ്ടമില്ലായ്മയുടെ പ്രശ്നങ്ങൾ ഉണ്ട്. അത് പരിഹരിച്ചു പോകുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ട്. വയനാട് പാർട്ടിക്ക് ഏറ്റവും ശക്തിയുള്ള സ്ഥലമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

Related Articles

Back to top button