‘ഞങ്ങടെ നേരെ പോരിന് വന്നാല്‍ ചവിട്ടിത്താഴ്ത്തും കട്ടായം’…
സിപിഐഎം മുതിർന്ന നേതാവും കെടിഡിസി ചെയർമാനുമായ പി കെ ശശിക്കെതിരെ സിപിഐഎമ്മിന്റെ പ്രകടനം. മണ്ണാർക്കാട് നഗരത്തിലാണ് പ്രകടനം നടത്തിയത്. തങ്ങളുടെ നേരെ പോരിന് വന്നാൽ ചവിട്ടിത്താഴ്ത്തും കട്ടായം എന്ന മുദ്രാവാക്യവുമായാണ് സിപിഐഎം പ്രവർത്തകർ പ്രകടനം നടത്തിയത്.
‘രക്തത്തിന്റെ അത്തർ പൂശി മണ്ണാർക്കാടിനെ കട്ട് മുടിച്ചവൻ, മുസ്‌ലിം ലീഗിനെ കൂട്ട്പിടിച്ച് ഞങ്ങടെ നേരെ പോരിന് വന്നാൽ ഓർത്ത് കളിച്ചോ ബിലാലെ, ബിലാലുമാരുടെ ചെരിപ്പ് നക്കികൾ ഞങ്ങടെ നേരെ പോരിന് വന്നാൽ തച്ച് തകർക്കും സൂക്ഷിച്ചോ’ തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവർത്തകർ ഉയർത്തി. സിപിഐഎം മണ്ണാർക്കാട് ഏരിയാ സെക്രട്ടറി നാരയണൻകുട്ടി അടക്കമുള്ള നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തു. സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി പി കെ ശശി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശശിക്കെതിരെ മുദ്രാവാക്യമുയർത്തി സിപിഐഎം നേതാക്കളുടെ പ്രകടനം.
മണ്ണാർക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു സിപിഐഎം പ്രദേശിക നേതാക്കൾക്കെതിരെ പി കെ ശശി പരോക്ഷ വിമർശനം ഉയർത്തിയത്. അഴിമതി തുറന്നു കാണിക്കണമെന്നും എന്നാൽ അഴിമതി ആരോപിക്കുന്നവർ പരിശുദ്ധരായിരിക്കണമെന്നുമായിരുന്നു പി കെ ശശി പറഞ്ഞത്. മണ്ണാർക്കാട്ടെ പൊതുസമൂഹവുമായി തനിക്കുള്ള ബന്ധം ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലെന്നും ശശി പറഞ്ഞിരുന്നു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയാണെന്നും പറഞ്ഞായിരുന്നു ശശി പ്രസംഗം അവസാനിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിലേക്ക് പി കെ ശശിയെ ക്ഷണിച്ചതിൽ സിപിഐഎമ്മിൽ മുറുമുറുപ്പുണ്ടായിരുന്നു. എന്നാൽ നേതാക്കൾ ഇത് പുറത്തേയ്ക്ക് പ്രകടിപ്പിച്ചില്ല. ഉദ്ഘാടന ചടങ്ങിൽ നിന്ന് പ്രാദേശിക നേതൃത്വം വിട്ടുനിൽക്കുമെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.



