മെക്ക് സെവനെതിരായ സിപിഎം പ്രസ്താവന.. പാർട്ടിവിട്ട് അംഗം.. കോൺഗ്രസിലേക്ക്…
എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിപിഐഎം നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയുമായ
അക്ബറലി കോയമ്പത്ത് കോൺഗ്രസിൽ ചേർന്നു. ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.മെക്ക് സെവനെതിരെയുള്ള പി മോഹനന്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചാണ് അക്ബറലി പാർട്ടി വിട്ടത്. ന്യൂനപക്ഷങ്ങളെ സംശയനിഴലിൽ നിർത്തിയ മെക് സെവൻ വിവാദത്തിലൂടെ പി മോഹനൻ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്നും സാമൂഹ്യ സമ്മർദ്ദം ഉയർന്നതോടെ മോഹനൻ ആ നിലപാട് വിഴുങ്ങിയെന്നും അക്ബറലി കുറ്റപ്പെടുത്തി.
ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് മാത്രമേ ഭരണഘടനയനുസരിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എഫ്ഐ ബാലുശ്ശേരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ നിലയിൽ അക്ബറലി പ്രവർത്തിച്ചിട്ടുണ്ട്. നടുവണ്ണൂർ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയുമാണ്.