ശിക്ഷാവിധി കോടതി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഐഎം തീരുമാനം..

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിച്ചാൽ ആന്റണി രാജുവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് സിപിഐഎം. തിരുവനന്തപുരത്ത് ആന്റണി രാജുവിന് മാത്രമാണ് വിജയസാധ്യത എന്നത് പരിഗണിച്ചാണ് സിപിഐഎം തീരുമാനം. ആന്റണി രാജുവിനെതിരായ പ്രചാരണങ്ങളെ ഒറ്റക്കെട്ടായി നേരിടാനും മുന്നണി തീരുമാനിച്ചു.
വിധി അനുകൂലമാണെങ്കിൽ മത്സരിപ്പിക്കാമെന്ന് സിപിഐഎം ആന്റണി രാജുവിനെ അറിയിച്ചിട്ടുമുണ്ട്. തിരുവനന്തപുരത്തെ വിജയസാധ്യതയും പുതിയ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തി വിജയിപ്പിച്ചെടുക്കാൻ നിലവിൽ ബുദ്ധിമുട്ടാണ് എന്നതുമാണ് സിപിഐഎം ആന്റണി രാജുവിലേക്ക് തന്നെ എത്താനുള്ള കാരണം. ആൻ്റണി രാജുവിനെതിരായ പ്രചാരണങ്ങളെ എൽഡിഎഫിന് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കാനാകുമെന്നും സംസ്ഥാനവ്യാപക പ്രചാരണമുണ്ടായാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് വിലയിരുത്തൽ. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കിൽ സീറ്റിൻ്റെ കാര്യത്തിൽ പിന്നാലെ തീരുമാനമെടുക്കാൻ എന്നാണ് സിപിഐഎം നിലപാട്.



