തിരുമല അനിലിന്റെ മരണം; ജില്ലാ ഫാം ടൂർ സഹകരണ സംഘം തട്ടിപ്പിൽ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം….
തിരുമല വാര്‍ഡ് കൗണ്‍സിലര്‍ അനിലിന്റെ മരണത്തില്‍ ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം തട്ടിപ്പില്‍ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഐഎം. തിരുവനന്തപുരം ഫാം ടൂര്‍ സഹകരണ സംഘത്തില്‍ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് മരണത്തിലേക്ക് വഴി വച്ചതെന്ന് അനിലിന്റെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ആരാണ് സഹകരണ സംഘത്തില്‍ സാമ്പത്തിക തിരിമറി നടത്തിയതെന്ന വിവരങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തില്‍ കയ്യേറ്റം ചെയ്തത് അത്യന്തം അപലപനീയമാണെന്നും സിപിഐഎം പറയുന്നു. ബിജെപിക്ക് പലതും മറച്ചു പിടിക്കാനുള്ളതുകൊണ്ടാണ് അക്രമം അഴിച്ചുവിട്ട് ക്യാമറകള്‍ ഉള്‍പ്പെടെ തല്ലി തകര്‍ക്കാന്‍ ശ്രമിച്ചതെന്നും സിപിഐഎം പറഞ്ഞു. ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പില്‍ ബിജെപി ജില്ല-സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വാര്‍ഡുകളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്നും സിപിഐഎം വ്യക്തമാക്കി.