CPM – CPI പോര് കനക്കുന്നു… 100ഓളം സിപിഐ പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു..
എറണാകുളം പറവൂരിൽ നൂറോളം സിപിഐ പ്രവർത്തകർ രാജിവെച്ച് സിപിഎമ്മിൽ ചേർന്നു. പറവൂർ ടൗണിൽ നടന്ന പരിപാടിയിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ് പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു. കടുത്ത വിഭാഗിയതയാണ് പ്രദേശത്ത് സിപിഐയിൽ നിലനിന്നിരുന്നത്.
പ്രധാന നേതാക്കൾ ഉൾപ്പെടെ നൂറോളം പേരാണ് സിപിഎമ്മിൽ ചേർന്നത്. പാർട്ടി പുറത്താക്കിയവരാണ് സിപിഎമ്മിൽ ചേർന്നതെന്നും മുന്നണി മര്യാദകൾ ലംഘിക്കുന്നതാണ് സിപിഎം നിലപാടെന്നും സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുൺ പ്രതികരിച്ചു.
ജില്ലയിലെ സിപിഐ സ്ഥാപക നേതാവ് കെ.സി പ്രഭാകരൻ്റെ മകൾ രമ ശിവശങ്കരൻ, സിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റിയംഗം കെ.വി രവിന്ദ്രൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെറൂബി സെലസ്റ്റിന ,ഏഴിക്കര മുൻ ലോക്കൽ സെക്രട്ടറി സി.കെ മോഹനൻ, ഉൾപ്പെടെയുള്ളവരാണ് പാർട്ടിവിട്ടത്.
വിഷയം സി പി എം – സി പി ഐ തർക്കമായി കാണേണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീഷിൻ്റെ വിശദീകരണം. വിവിധ രാഷ്ട്രീയപ്പാർട്ടികളിൽ നിന്നും എത്തുന്നവർക്കായി ഒക്ടോബർ ആറിന് സിപിഐയും പറവൂരിൽ സ്വീകരണ പരിപാടി ഒരുക്കിയിട്ടുണ്ട്.