‘വിഭാ​ഗീയത മനസ്സിലുള്ള ആരും ആലപ്പുഴയിലേക്ക് വണ്ടി കയറേണ്ട, കളിമാറും’..

വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വണ്ടി കയറേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അത്തരം നീക്കമുണ്ടായാൽ കളിമാറുമെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം മുന്നറിയിപ്പ് നൽകി. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചക്കിടെയാണ് എതിർചേരിക്കുള്ള ബിനോയ് വിശ്വത്തിന്‍റെ സന്ദേശം.

ഉൾപ്പാര്‍ട്ടി ജനാധിപത്യമെന്ന് ഉറക്കെ പറയുകയും നേരെ വിപരീത നിലപാട് പാര്‍ട്ടി കമ്മിറ്റികളിലെടുക്കുകയും ചെയ്യുന്ന ബിനോയ് വിശ്വത്തിന്‍റെ നടപടി സമ്മേളന നടപടികൾക്ക് ഇടെ വലിയ ചര്‍ച്ചയായിരുന്നു. വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക പാനലിനെതിരെ മത്സര സാധ്യത ഉണ്ടായാൽ സമ്മളനം തന്നെ സസ്പെന്റ് ചെയ്യുമെന്നും അടക്കം കടുത്ത നിലപാടുകളുമായാണ് സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരുന്നത്. പാലക്കാടും പത്തംനംതിട്ടയിലും എറണാകുളത്തും എല്ലാം അപസ്വരങ്ങളുണ്ടായി. അതെല്ലാം പറഞ്ഞ് തീര്‍ത്തെന്നും അരമിനിറ്റു കൊണ്ട് ജില്ലാ സെക്രട്ടറി സ്ഥാനം തീരുമാനിക്കാനായെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ചക്കിടെ അസിസ്റ്റൻറ് സെക്രട്ടറി പിപി സുനീര്‍ പറഞ്ഞു.

പാര്‍ട്ടി നിലപാട് ഉറക്കെ പറയുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടെന്ന് വിമർശനം സംസ്ഥാന കൗൺസിലിൽ അംഗങ്ങൾ ഉന്നയിച്ചു. മന്ത്രി കെ രാജന്‍റെ നേതൃത്വത്തിൽ സിപിഐയെ മുഖ്യമന്ത്രിയുടെ കട്ടിലിൽ കെട്ടിയിട്ടെന്ന അഭിപ്രായം കൂടി ഉയര്‍ന്നതിന് പിന്നാലെയാണ് ബിനോയ് വിശ്വം കടുത്ത ഭാഷയിൽ താക്കീതുമായി എഴുന്നേറ്റത്. വിഭാഗീയതയുടെ വേര് അറുത്ത് മാറ്റിയ സമ്മേളനമാണ് വരാനവിരിക്കുന്നത് എന്നായിരുന്നു പറഞ്ഞതിന്റെ ആകെത്തുക.

വിഭാഗീയത മനസിലുള്ള ആരും സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴക്ക് വണ്ടി കയേണ്ടതില്ലെന്നും അത്തരം നീക്കമുണ്ടായാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ മുന്നറിയിപ്പ്. സെപ്റ്റംബർ 9 മുതൽ 12 വരെയാണ് സംസ്ഥാന സമ്മേളനം. നിലവിലെ സാഹചര്യത്തിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യത.

Related Articles

Back to top button