വൈക്കത്തെ കർഷക ആത്മഹത്യയിൽ ന്യായീകരണം തുടർന്ന് സിപിഐ….

കോട്ടയം: വൈക്കം തലയാഴത്തെ കർഷക ആത്മഹത്യയിൽ ന്യായീകരണം തുടർന്ന് സിപിഐ. ഹോർട്ടികോർപ്പിൽ നിന്ന് ലഭിച്ച ആദ്യസഹായമടക്കം ലഭ്യമാക്കിയത് പാർട്ടിയാണ്. സിപിഐക്കെതിരെ പ്രചരിപ്പിച്ച വിഡിയോക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് പാര്‍ട്ടി വിശദീകരണം. സംഭവത്തിന് തലേന്ന് ചെല്ലപ്പൻ യുഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയതിനെ കുറിച്ച് അന്വേഷണം വേണം. ആത്മഹത്യയോ കൊലപാതകമോയെന്ന് വ്യക്തത വരുത്തണമെന്നും പ്രദേശിക നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
വൈക്കത്ത് തലയാഴം സിപിഐ ഓഫീസിലാണ് കർഷകൻ തൂങ്ങിമരിച്ചത്. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. സിപിഐ പ്രദേശിക നേതാക്കൾക്കെതിരെയായിരുന്നു ചെല്ലപ്പൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. കൃഷി നശിപ്പിച്ചെന്നും കാർഷിക ഗവേഷകനായ തന്‍റെ ഉത്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പൻ നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പല കുറി ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പൻ ഫേസ്ബുക്കില്‍ ഇട്ട വീഡിയോയില്‍ ആരോപിച്ചിരുന്നു.



