പത്തടി താഴ്ച, സെപ്റ്റിക് ടാങ്കിനെടുത്ത ഇടുങ്ങിയ കുഴിയിൽ…

സെപ്റ്റിക് ടാങ്കിനെടുത്ത കുഴിയിൽ വീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പൂങ്കുള, പാച്ചല്ലൂർ പാറക്കൽമേലെ കൊച്ചുമ്മിണി വീട്ടിൽ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള പശുവാണ് സമീപവാസിയുടെ വസ്തുവിലെ സെപ്റ്റിക് ടാങ്കിനായി നിർമ്മിച്ച കുഴിയിൽ വീണത്. ഏകദേശം നാലടി വ്യാസവും പത്തടിയോളം താഴ്ച്ചയുമുള്ള കുഴിയിലാണ് പശു അകപ്പെട്ടത്. വളരെ ഇടുങ്ങിയ കുഴിയായതിനാൽ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു
എന്നാൽ പശുവിനെ കെട്ടി ഉയർത്തുന്നതിന് സാധിച്ചില്ല. തുടർന്ന് ജെസിബി എത്തിച്ച് കുഴിയുടെ സമീപത്തായി 10 അടിയോളം ആഴത്തിൽ മണ്ണ് മാറ്റി കോണ്‍ക്രീറ്റ് അറ പൊട്ടിച്ച് വിസ്താരം കൂട്ടി. എന്നിട്ട് ജെസിബിയുടെ സഹായത്താൽ പശുവിനെ മണിക്കൂറുകൾ നീണ്ട പ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയായിരുന്നു. എ എസ് റ്റി ഒ ഷാജിയുടെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ സനു, എഫ് ആർ ഒ ബിനുകുമാർ, അജയ് സിംഗ്, ആൻ്റു, ജിബിൻ, സെൽവകുമാർ, സുനിൽദത്ത്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്



