ഏത് ഉപാധിയും അംഗീകരിക്കാൻ തയ്യാർ… ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിച്ച് കോടതി…

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബെയ്‌ലിൻ ദാസിന് ജാമ്യം അനുവദിച്ചത്. കോടതി നൽകുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്ന ബെയിലിൻ ദാസിൻറെ വാദം അറിയിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

ഗൗരവമുള്ള കുറ്റം ചെയ്ത പ്രതിക്ക് ജാമ്യം നൽകരുതെന്നാണായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. കേസിലെ സാക്ഷികൾ പ്രതിയുടെ ഓഫീസിലെ അഭിഭാഷകരും ജീവനക്കാരുമാണ്, പ്രതിക്ക് ജാമ്യം ലഭിച്ചാൽ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചിട്ടുണ്ട്. എന്നാൽ ജൂനിയർ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും, ഓഫീസിനുള്ളിൽ നടന്ന നിസ്സാര സംഭവത്തെ പാർവതീകരിക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു.

ശ്യാമിലി ജസ്റ്റിനെയാണ് സീനിയർ അഭിഭാഷകൻ ബെയ് ലിൻ ദാസ് മുഖത്തടിച്ച് വീഴ്ത്തിയത്. വഞ്ചിയൂർ കോടതിക്ക് അടുത്ത അഭിഭാഷകൻറെ ഓഫീസിൽ സഹപ്രവർത്തകർ നോക്കി നിൽക്കെയായിരുന്നു ക്രൂരമർദ്ദനം. പിടിച്ച് നിർത്തി മുഖത്ത് കൈ കൊണ്ട് ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണെങ്കിലും ആരും അടുത്തേയ്ക്ക് എത്തിയില്ലെന്നും ശ്യാമിലി നേരത്തെ പ്രതികരിച്ചിരുന്നു. ഗർഭിണിയായിരിക്കെ വക്കീൽ ഓഫീസിനകത്ത് വെച്ച് നേരത്തെയും തന്നെ ബെയിലൻ ദാസ് മർദ്ദിച്ചിരുന്നുവെന്നും അഭിഭാഷക വെളിപ്പെടുത്തിയിരുന്നു.

Related Articles

Back to top button