രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസ്; അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം…

രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം അനുവ​ദിച്ച് കോടതി. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഖിൽ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 

സോഷ്യൽ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് അഖിൽ മാരാർക്കെതിരെ കേസെടുത്തത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡൻറ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. ഇന്ത്യ – പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ അഖിൽ മാരാർ സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലെ ഉള്ളടക്കം രാജ്യവിരുദ്ധമെന്നായിരുന്നു പരാതി. 

യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തർക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. യുക്രൈൻ പോലൊരു രാജ്യം പോലും അമേരിക്ക പറഞ്ഞത് കേട്ടില്ല. ഇവിടെ ഇപ്പോഴും സായിപ്പിൻറെ ഓശാന കേട്ട് ജീവിക്കുന്ന ഭരണാധികാരി ആയിപോയി. മര്യാദക്ക് ഇരുന്നില്ലെങ്കിൽ നിന്നെയൊക്കെ തീർത്തു കളയും, ആ ഭീഷണിയിൽ യുദ്ധം അവസാനിപ്പിക്കാൻ കഴിയണമെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പരാതി. 

Related Articles

Back to top button