17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസ്… പ്രതിക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കൊടുത്ത് കോടതി…
17 കാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു. പണം കൊല്ലപ്പെട്ട ശാരികയുടെ മാതാപിതാക്കൾക്ക് നൽകണമെന്നാണ് കോടതി വിധി. പെൺകുട്ടിയുടെ മരണമൊഴിയും സംഭവത്തിനിടെ പ്രതിക്ക് പൊള്ളലേറ്റതും കേസിൽ പ്രധാന തെളിവായി. പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടിയെന്ന് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് പറഞ്ഞു.
2017 ജൂലൈ 14ന് വൈകിട്ടാണ് ശാരിയെ ആൺസുഹൃത്ത് ആക്രമിച്ചത്. അയൽവാസി കൂടിയായ സജിലിൻറെ ശല്യം സഹിക്കാനാവാതെ ബന്ധുവീട്ടിലേക്ക് പെൺകുട്ടി താമസം മാറിയിരുന്നു. ഇവിടെ വച്ചാണ് സജിൽ ശാരികയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. തൻറെ ഒപ്പം ഇറങ്ങിവരണമെന്ന നിർബന്ധത്തിന് വഴങ്ങാതെ വന്നതാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് ഹെലികോപ്റ്റർ മാർഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെ ജൂലൈ 22 നാണ് ശാരിക മരിച്ചത്. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ അവതരിപ്പിച്ചു.. കേസിൽ പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് വിചാരണക്ക് ശേഷം ശിക്ഷ വിധിച്ചത്.