‘കല്ലറ അലങ്കരിക്കരുത്, ഫ്രാൻസികസ് എന്ന് രേഖപ്പെടുത്തണം’.. ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം…
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്ത് ആയിരങ്ങൾ. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും.റോമിലെ ബസലിക്ക ഓഫ് സെന്റ് മേരീ മേജറിൽ തന്റെ സംസ്കാരം നടത്തണമെന്ന് പോപ്പ് ആവശ്യപ്പെട്ടിരുന്നതായും വത്തിക്കാൻ വ്യക്തമാക്കി. തന്റെ കല്ലറ അലങ്കരിക്കരുതെന്നും ,ഫ്രാൻസികസ് എന്ന് പേര് മാത്രമെ കല്ലറയിൽ രേഖപ്പെടുത്താവൂ എന്നും പോപ്പ് പറഞ്ഞിരുന്നതായി വത്തിക്കാൻ അറിയിച്ചു.
ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി ചുവന്ന റിബൺ കെട്ടി മുദ്ര വെച്ചു. പോപ്പിന്റെ ചുമതല വഹിക്കുന്ന കാർഡിനാൾ കെവിന് ഫാരൽ ആണ് സീൽ വെച്ചത്. സാന്റ മർത്തയിൽ ആണ് മാർപാപ്പ താമസിച്ചിരുന്നത്. നാളെ മുതൽ പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. തുടർനടപടികൾ ആലോചിക്കാൻ കർദിനാൾമാരുടെ യോഗം ബുധനാഴ്ച ചേരും.
അതേസമയം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്നും നാളെയും പോപ്പിന്റെ സംസ്‌കാര ദിവസവുമാണ് ദുഃഖാചരണം. ദേശീയ പതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ല.