ചന്ദർകുഞ്ജ് സൈനിക ഫ്ലാറ്റുകളുടെ നിർമ്മാണത്തിലെ അഴിമതി….സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡൻ…
കൊച്ചി: പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള എറണാകുളം വൈറ്റിലയിലെ ചന്ദർകുഞ്ജ് സൈനിക ഫ്ലാറ്റുകളുടെ നിർമ്മാണത്തിലെ അഴിമതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എംപി. ഫ്ലാറ്റുമായി ബന്ധപ്പെട്ട് പരാതി ഉയർന്ന ആദ്യഘട്ടത്തിൽ തന്നെ പ്രതിരോധ മന്ത്രിക്ക് പെറ്റീഷൻ നൽകിയെന്നും എ ഡബ്ല്യൂ എച്ച് ഒ ഏറ്റെടുത്ത പദ്ധതികളിലെല്ലാം അപാകതകൾ ഉണ്ടെന്നും ഹൈബി ഈഡൻ.
ആർമി വെൽഫെയർ ഹൗസിംഗ് ഓർഗറൈസേഷനിൽ അഴിമതി നടക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഫ്ലാറ്റ് വാങ്ങിയ സൈനികരും എ ഡബ്ല്യൂ എച്ച് ഒക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു. അഴിമതിക്കാരായ ആളുകൾക്ക് കൃത്യമായ ശിക്ഷ നൽകണമെന്നും വിഷയത്തിൽ കൃത്യമായ പരിശോധന നടത്തി ഫ്ലാറ്റിൽ താമസിക്കുന്ന വിരമിച്ച സൈനികർക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.