ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു…എന്നാൽ, നേരിട്ട് പണം ചോദിച്ചില്ല… എല്ലാ ഇടപാടും നടന്നത്…
ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുമായി പരാതിക്കാരൻ. ഇഡി തുടക്കം മുതൽ അകാരണമായി മാനസികമായി പീഡിപ്പിച്ചുവെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. ഫോണിലൂടെയാണ് ഇടനിലക്കാരനായ വിൽസണ്‍ ആദ്യം ബന്ധപ്പെട്ടത്. ഇഡി ഓഫീസിൽ നടന്നത് എല്ലാം വിൽസണാണ് ഫോണിലൂടെ അറിയിച്ചത്. വിൽസണുമായുള്ള കൂടിക്കാഴ്ചകള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.
ഈ തെളിവുകൾ എല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ട്. ഇഡിയിൽ നിന്ന് വിളിക്കും എന്ന് വിൽസണ്‍ പറഞ്ഞസമയത്തൊക്കെ ഇഡി ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നു. എന്നാൽ, ഇഡി ഉദ്യോഗസ്ഥര്‍ നേരിട്ട് പണം ചോദിച്ചില്ല. എല്ലാ ഇടപാടും വിൽസണ്‍ വഴിയായിരുന്നു നടന്നിരുന്നത്. ചാർട്ടേഡ് അകൗണ്ടന്‍റ് രഞ്ജിത്തുമായി ഒരു ബന്ധവുമില്ല. രഞ്ജിത്ത് എന്ന പേര് കേൾക്കുന്നത് തന്നെ മാധ്യമങ്ങളിൽനിന്നാണ്. ഇഡി ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിശ്വാസം. ഉദ്യോഗസ്ഥർ പറയാതെ വിവരങ്ങൾ വിൽസണ്‍ അറിയില്ല. ഒന്നാം പ്രതിയായ ശേഖർ കുമാർ നേരിട്ട് പണം ചോദിച്ചിട്ടില്ല. ഇതിന്‍റെ എല്ലാം ആൾ ശേഖറാണെന്ന് വിൽസണ്‍ പറഞ്ഞു. കൂടുതൽ ഇഡി ഉദ്യോഗസ്ഥർക്ക് ഈ തട്ടിപ്പിൽ പങ്കുണ്ട്.
ഇഡി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഇടനിലക്കാരൻ വിൽസണ്‍ ആണ് തന്‍റെ നമ്പര്‍ ഇഡിക്ക് നൽകിയതെന്നും പരാതിക്കാരനായ അനീഷ് ബാബു പറഞ്ഞു. ഇഡിക്ക് തന്‍റെ നമ്പര്‍ നൽകിയിരുന്നില്ല. ഇഡി ഉന്നത ഉദ്യോഗസ്ഥനെതിരെയും ഗുരുതര ആരോപണമാണ് അനീഷ് ഉന്നയിച്ചത്. കൂടുതൽ ഇഡി ഉദ്യോഗസ്ഥരുടെ പേരും പരാതിക്കാരനായ അനീഷ് തുറന്നുപറഞ്ഞു. ഇഡി അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന് സംഭവത്തിൽ പങ്കുണ്ടെന്നും അനീഷ് ബാബു ആരോപിച്ചു