രാഹുലിനെച്ചൊല്ലി കോൺഗ്രസിൽ കലഹം…സഭയിലെത്തേണ്ടയെന്ന നിലപാടിൽ വി ഡി സതീശൻ…
പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. രാഷ്ട്രീയവിഷയങ്ങൾ ഏറെയുണ്ടെങ്കിലും രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങൾ ഒന്നിലധികം സ്ത്രീകളുടെ പരാതികളുമായി ബന്ധപ്പെട്ടുള്ളതിനാൽ അതിന് എളുപ്പം തീപിടിക്കും. കോൺഗ്രസിൽ അതിനെച്ചൊല്ലിയുള്ള കലഹങ്ങൾ തിരശ്ശീലയ്ക്കുപിന്നിൽ ഉടലെടുത്തുതുടങ്ങി.
കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. ഫലത്തിൽ അദ്ദേഹം കോൺഗ്രസിലില്ല. പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് എഴുതിനൽകി. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാൻ സമയം അനുവദിക്കില്ല. അദ്ദേഹം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. പ്രത്യേകവിഷയങ്ങളിലെ ചർച്ചയ്ക്ക് സ്പീക്കർ സമയം അനുവദിച്ചാൽ സംസാരിക്കാം. അങ്ങനെ ലഭിച്ചാൽത്തന്നെ ഒന്നോ, രണ്ടോ മിനിറ്റാകും കിട്ടുക.