പ്രവാസികളുടെ മൃതദേഹങ്ങളുടെ പേരിൽ വൻതുക വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പ്..ഓരോ നടപടിക്കും ചെലവാകുന്ന തുക ഉൾപ്പടെ പ്രസിദ്ധീകരിച്ചു..

പ്രവാസികളുടെ മൃതദേഹങ്ങളുടെ പേരിൽ വൻതുക വാങ്ങിയെടുക്കുന്നതിനെതിരെ മാർ​ഗനിർദേശങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദുബൈയിൽ നിന്നും, വടക്കൻ എമിറേറ്റുകൾ നിന്നും മൃതദേഹം നാട്ടിലെത്തിക്കാൻ കോൺസുലേറ്റ് അംഗീകരിച്ച സംഘടനകളുടെ പട്ടികയും കോൺസുലേറ്റ് പങ്കുവെച്ചു. അംഗീകൃത നിരക്കിന് പുറമേ ഈ സംഘടനകൾ നാമമാത്രമായ സർവീസ് ഫീസും ഈടാക്കുമെന്നും കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക ഇങ്ങനെ;

മരണസർട്ടിഫിക്കറ്റിന് 110 മുതൽ 140 ദിർഹം വരെ. എംബാമിങിന് 1072 ദിർഹം. ആംബുലൻസിന് 220 ദിർഹം വാടക. ഇത് ദുബൈയിലെ വാടകയാണ്. മറ്റ് എമിറേറ്റുകളിൽ ഇത് വ്യത്യാസം വരും. ശവപ്പെട്ടിക്ക് 1840 ദിർഹമാണ് നിരക്ക്. എയർകാർഗോ നിരക്ക് 1800 ദിർഹം മുതൽ 2500 ദിർഹം വരെയാകും. ഈ നിരക്ക് വിമാനകമ്പനി, നാട്ടിലെ എയർപോർട്ട് എന്നിവക്ക് അനുസരിച്ച് മാറ്റമുണ്ടാകുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. മൊത്തം പരമാവധി 5772 ദിർഹം വരെയാണ് കോൺുസുലേറ്റ് ഇടുന്ന ചെലവ്. ഇതിന്റെ ഇരട്ടി വരെയൊക്കെ വാങ്ങുന്നവർക്കെതിരെയാണ് മുന്നറിയിപ്പ്.

യു.എഇ നിയമപ്രകാരം പ്രവാസിയുടെ മൃതദേഹം തൊഴിൽദാതാവോ സ്പോൺസറോ നാട്ടിലെത്തിക്കണം. ഇതൊന്നുമില്ലാത്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാണ് കോൺസുലേറ്റ് സാമ്പത്തിക സഹായം നൽകുന്നത്. കഴിഞ്ഞ നവംബറിൽ കോൺസുലേറ്റ് പുറപ്പെടുവിച്ച മുന്നറിപ്പിന്റെ തുടർച്ചയായാണ് കഴിഞ്ഞദിവസം വീണ്ടും ജാഗ്രത നിർദേശം നൽകിയത്.

Related Articles

Back to top button