പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന…. ബിഹാറിൽ മൂന്ന് യുവാക്കൾ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് യുവാക്കളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബക്സർ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയെ പ്രതികൾ ബന്ധപ്പെട്ടതായാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം.
ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ ആശ പരാരി ഗ്രാമത്തിൽ നിന്നാണ് മൂന്ന് പേരെയും പൊലീസ് സംഘം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ബക്സർ സ്വദേശിയായ അമൻ തിവാരിയാണ് അറസ്റ്റിലായവരിൽ പ്രധാനി. ഇയാളെ സഹായിച്ച മറ്റ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയെ വധിക്കാൻ സി.ഐ.എ-യുടെ സഹായം തേടി ഇവർ ഇമെയിൽ അയക്കുകയായിരുന്നു. ഇതിനായി വലിയൊരു തുക പാരിതോഷികമായി ഇവർ ആവശ്യപ്പെട്ടു. കേവലം 22 ദിവസം കൊണ്ട് വധം നടപ്പിലാക്കാമെന്നായിരുന്നു ഇവർ ഇമെയിലിൽ അവകാശപ്പെട്ടത്.
അമൻ തിവാരി മുൻപും ഇത്തരം ക്രിമിനൽ പദ്ധതികളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. 2022-ൽ കൊൽക്കത്ത വിമാനത്താവളം തകർക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവാക്കളുടെ അറസ്റ്റ് സ്ഥിരീകരിച്ച ബക്സർ എസ്.പി ശുഭം ആര്യ, പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയമായ തെളിവുകൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും കേസിൽ മറ്റ് കണ്ണികളുണ്ടോ എന്ന് അന്വേഷിക്കുമെന്നും അധികൃതർ വ്യക്തമാക്കി.



