തിരുവാലിയിൽ സമവായം; വൈസ് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പദവി കൂടി ലീഗിന്

തിരുവാലി പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുഡിഎഫ് നേതൃത്വം ധാരണയിലെത്തി. വൈസ് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം കൂടി മുസ്‌ലിം ലീഗിന് നൽകും. അവസാന ഒരു വർഷത്തെ പ്രസിഡന്റ് സ്ഥാനം ചർച്ചകൾക്ക് ശേഷം പരിഗണിക്കും. പ്രസിഡന്റ് സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസുമായി ഇടഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മുസ്‌ലിം ലീഗ് അംഗങ്ങൾ ബഹിഷ്‌ക്കരിച്ചിരുന്നു. ഇതോടെ ക്വാറം തികയാത്തതിനെ തുടർന്ന് മാറ്റി വച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരെഞ്ഞെടുപ്പ് നാളെ നടക്കും.
കാലങ്ങൾക്കുശേഷം ഭരണം പിടിച്ച തിരുവാലിയിൽ പ്രസിഡന്റ് പദവിയെ ചൊല്ലിയാണ് മുസ്‌ലിം ലീഗും കോൺഗ്രസും അസ്വാരസ്യത്തിലായത്. രണ്ടര വർഷം പ്രസിഡന്റ് സ്ഥാനം വേണമെന്ന് ലീഗ് മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രസിഡന്റ് സ്ഥാനം പങ്കുവെക്കാനാകില്ലെന്നും വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമേ നൽകൂവെന്നുമായിരുന്നു കോൺഗ്രസ് നിലപാട്. പഞ്ചായത്തിൽ ഏഴ് സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. എൽഡിഎഫ് എട്ട് സീറ്റുകളിലും. നാലംഗങ്ങളുള്ള മുസ്‌ലിം ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് പഞ്ചായത്ത് ഭരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ലീഗ് കടുത്ത നിലപാടിലേക്ക് നീങ്ങുകയായിരുന്നു. ലീഗ് തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് പ്രസിഡന്റ് ജയിച്ചേക്കുമെന്ന സാഹചര്യമായിരുന്നു.




