രണ്ടു വർഷത്തോളം ബലാത്സംഗം ചെയ്തെന്ന് യുവതി… ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ…..
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിൽ ബലാത്സംഗം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി. രണ്ടുവർഷത്തോളം ബലാത്സംഗം ചെയ്തെന്ന ഡൽഹി സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഡൽഹി സ്വദേശിയായ യുവാവ് മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് ഇയാളുടെ കാമുകി പീഡന പരാതി നൽകിയത്. തനിക്കെതിരായ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കാതെ വേർപിരിയുന്ന സംഭവങ്ങളിൽ യുവാവിനെതിരെയുള്ള പീഡനാരോപണത്തിൽ ക്രിമിനൽ കേസെടുക്കാൻ സാധിക്കില്ലെന്നും കോടതി ഉത്തരവിട്ടു.
2019ലാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെ തുടർന്നാണ് യുവതി പരാതി നല്കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഹർജി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
തുടർച്ചയായി സമാനമായ പീഡനാരോപണ കേസുകൾ വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന കാര്യം കോടതിക്ക് ബോധ്യമായി. യുവാവ് വിവാഹ വാഗ്ദാനം നല്കിയിരുന്നില്ല. പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും യുവതിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.