പയ്യാമ്പലത്ത് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം പുനഃസ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പയ്യാമ്പലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം പുനഃസ്ഥാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2015 മേയ് 15ന് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടേയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. പാര്‍ക്കും നടപ്പാതയും നവീകരിച്ചത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു എന്നാണ് പുതിയ ഫലകത്തിലുള്ളത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്ന് സിവ്യൂ പാര്‍ക്കിലെ ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം ഡിസിസി അദ്ധ്യക്ഷന്‍മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന അന്‍പതോളം പേരെത്തിയാണ് പുന:സ്ഥാപിച്ചത്. മുന്‍ മേയര്‍ ടി.ഒ.മോഹനന്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യുട്ടി മേയര്‍ അഡ്വ പി. ഇന്ദിര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതേസമയം, ശിലാഫലകം മാറ്റിയതില്‍ പരിശോധന ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ‘കണ്ണൂര്‍ ഡിടിപിസിയുടെ കീഴിലുള്ള സീവ്യൂ പാര്‍ക്കില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ നവീകരണ പ്രവര്‍ത്തനത്തിന്റെ ശിലാഫലകം മാറ്റിവച്ചു എന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. 2022 മാര്‍ച്ച് ആറിനാണ് വീണ്ടും നവീകരിച്ച സീവ്യൂ പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നത്. ടൂറിസം മന്ത്രി എന്ന നിലയില്‍ ആ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുന്‍സര്‍ക്കാരുകളുടെ കാലത്തു നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ തമസ്‌ക്കരിക്കുന്ന രീതി ഞങ്ങള്‍ സ്വീകരിക്കാറില്ല. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിലെ കുറിപ്പിലൂടെ അറിയിച്ചു.