ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസിന്റെ വനിതാ നേതാവ്

ലൈംഗികാതിക്രമക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് കോൺഗ്രസ് വനിതാ നേതാവ് രംഗത്ത്. മഹിളാ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നതിനിടെയാണ് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തിയത്. സ്വന്തം പാർട്ടിയിൽ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ലെന്ന് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ ജിഷ പറയുന്നു.
രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നതുപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ കോൺഗ്രസ് പുറത്താക്കിയതിനുപിന്നാലെയാണ് ജിഷയുടെ കുറിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവർക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകൾ മറുപടി നൽകും.
നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളർച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികൾക്ക് വരെ സംരക്ഷണം നൽകുന്നവരിൽ ചിലർ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്.
ഇപ്പോൾ നിനക്ക് മനസിൽ ആയില്ലേ ആരും കൂടെ കാണില്ല എന്ന്……
ശക്തനായ, ജനനായകനായ, ബാഹുബലിയെയും ചതിച്ചു കൊന്നതാണ്.
നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്. അവർ ഇതിനുള്ള മറുപടി ബാലറ്റ് പേപ്പറിൽ നൽകും. അവസാനം വിജയം നിന്റേത് തന്നെ ആയിരിക്കും
ബഹുമാനപ്പെട്ട കോടതി വിധി മാനിക്കുന്നു.
അവൻ തെറ്റ് ചെയ്തു എങ്കിൽ കോടതി ശിക്ഷ നൽകട്ടെ. തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ല. അവൻ നിരപരാധി ആണെന്ന് കോടതി പറഞ്ഞാൽ തിരിച്ചു വരട്ടെ.
എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് ഈ മനുഷ്യനെ തള്ളി പറഞ്ഞവർക്ക് മാപ്പില്ല.



