തിരുവനന്തപുരത്തെ റോഡിന് ഹെഡ്‌ഗെവാറിന്റെ പേര്.. പേരിട്ടത് കോണ്‍ഗ്രസ് പിന്തുണയില്‍.. ഒപ്പം നിന്ന് മുസ്ലിം ലീഗും….
പാലക്കാട് നഗരസഭയിലെ ബിജെപി ഭരണ സമിതി ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗെവാറിന്റെ പേരിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധ രംഗത്തുള്ള കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുകയാണ് ചരിത്രം.തിരുവനന്തപുരം നഗരസഭയില്‍ റോഡിന് ഹെഡ്‌ഗേവാറിന്റെ പേരിടാനുള്ള ബിജെപി പ്രമേയം പാസായത് കോണ്‍ഗ്രസിന്റെയും ഒപ്പം മുസ്ലിം ലീഗിന്റെയും പിന്തുണയിലെന്ന് റിപ്പോർട്ട്. 1992 -93 കാലത്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയ്ക്ക് മുന്നിലുള്ള പ്രധാന റോഡിനെ ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്നു നാമകരണം ചെയ്തത്.
പാലക്കാട്ടെ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റ പേര് നല്‍കിയത് ചോദ്യം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ബിജെപി ജില്ലാ നേതൃത്വവും തമ്മില്‍ പരസ്യപോരും ഇരു പാര്‍ട്ടികളും തെരുവില്‍ കടുത്ത പ്രതിഷേധവും നടക്കുകയാണ്.ഇതിനിടെയാണ് ഇപ്പോൾ ഹെഡ്‌ഗെവാര്‍ റോഡ് ചർച്ചയാകുന്നത്.കോണ്‍ഗ്രസിന്റെ പരിപൂര്‍ണ പിന്തുണയോടെ ബിജെപി നേതൃത്വം ഹെഡ്‌ഗേവാറിന്റെ പേര് ഒരു റോഡിന് ഇടാനുള്ള പ്രമേയം തിരുവനന്തപുരം നഗരസഭയില്‍ കൊണ്ട്‌വരികയും സിപിഎം എതിര്‍പ്പ് മറികടന്ന് പാസാക്കുകയും ചെയ്യുകയായിരുന്നു, അന്ന്. ബിജെപി പ്രമേയം പാസാവുന്നത് ഉറപ്പ് വരുത്തിയത് മുസ്‌ലിം ലീഗിന്റെ കൂടി പിന്തുണയിലായിരുന്നു എന്നതാണ് ശ്രദ്ധേയം.
സിപിഎമ്മിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ യുഡിഎഫ്, ബിജെപി പക്ഷത്തേക്ക് കൂറുമാറിയതിനും രണ്ട് യുഡിഎഫ് കണ്‍സിലര്‍മാരെ സിപിഎം തട്ടികൊണ്ട് പോവുന്നതിനും സാക്ഷ്യം വഹിച്ച 1988-1993 കാലഘട്ടത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഭരണസമതി കാലത്താണ് കോലിബി സഖ്യം ഡോക്ടര്‍ ഹെഡ്‌ഗെവാര്‍ റോഡ് എന്ന പേര് തിരുവനന്തപുരത്ത് ആറാട്ടിന് മുമ്പ് പള്ളി വേട്ട നടക്കുന്ന ഫോര്‍ട്ട് ഹൈസ്‌ക്കൂള്‍ മുതല്‍ വാഴപ്പിളളി ജംഗ്ഷന്‍ വരെയുള്ള റോഡിന് (ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടക്ക് മുന്നിലുള്ള പ്രധാന റോഡ്) നല്‍കുന്ന പ്രമേയം പാസാക്കി നല്‍കിയത്. ഈ റോഡിലാണ് ആര്‍എസ്എസ് കാര്യാലയം സ്ഥിതിചെയ്യുന്നത്.