പൊലീസ് നരനായാട്ട്.. ഇന്ന് രാത്രി സെക്രട്ടറിയേറ്റ് മാർച്ച്.. നാളെ സംസ്ഥാന വ്യാപകമായി കോൺഗ്രസിന്റെ…
പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. നാളെ സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രതിഷേധ ദിനം. ബ്ലോക്ക് തലത്തിൽ പ്രതിഷേധം നടത്താൻ കെപിസിസി ആഹ്വാനം. ഇന്ന് രാത്രി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
ഇന്ന് രാത്രി യൂത്ത് കോൺഗ്രസാണ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുക. കോഴിക്കോട് നഗരത്തിൽ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മാനന്തവാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വർണം കട്ടത് മറച്ച് പിടിക്കാമെന്ന് സർക്കാരും പൊലീസും കരുതേണ്ടെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.
കണ്ണൂർ നഗരത്തിലും തലശ്ശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം – ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു. പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. തൃശ്ശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസുമായി സംഘർഷമായി. പൊലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.