തൃത്താലയിലെ കോൺഗ്രസിൽ ആഭ്യന്തര ഭിന്നതകൾ രൂക്ഷം; വി ടി ബൽറാമിനെതിരെ ഒരു വിഭാഗം

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ തൃത്താലയില കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം. മുൻ എംഎൽഎയായ വി ടി ബൽറാമിനെതിരെയാണ് പടയൊരുക്കം നടക്കുന്നത്. ഒരു വിഭാഗം നേതാക്കൾ ബൽറാമിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. വിടി ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. ബൽറാമിന്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് തൃത്താലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ പ്രത്യേക യോഗം ചേർന്നു.

ബൽറാമിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഇന്നലെ കെ കരുണാകരൻ ഫൗണ്ടേഷന്റെ പേരിൽ പുതിയ ഒരു ഗ്രൂപ്പ് രൂപീകരിക്കുകയും യോഗം ചേരുകയുമായിരുന്നു. ഡിസിസി. ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ അടക്കം 30ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. പാർട്ടി പ്രവർത്തകരെ അവിശ്വസിക്കുന്ന ബൽറാമിന്റെ കാധിപത്യ രീതി അംഗീകരിക്കാനാകിലെന്ന് ഗ്രൂപ്പ് യോഗത്തിൽ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തൃത്താലയിലെ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കമായിരുന്നു വി ടി ബൽറാമിന്റെ തോൽവിക്ക് കാരണമായത്. ഇത്തവണയും അത് ആവർത്തിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തർക്കം പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം ഇതുമായി ബന്ധപ്പെട്ട് ബൽറാമിന്റെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും വന്നിട്ടില്ല.

Related Articles

Back to top button