രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ, തന്നെ ഞങ്ങൾ ആണി അടിച്ചുതറയ്ക്കും

പേരാമ്പ്രയിലുണ്ടായ കോൺഗ്രസ്- പൊലീസ് സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയടക്കമുള്ളവർക്ക് പരിക്കേറ്റ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് പിണറായി വിജയനെന്നും പിണറായി വിജയനെ ആണിയടിച്ച് തറയ്ക്കുമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രതിഷേധങ്ങളെയും സമരങ്ങളെയും, കാക്കിയിട്ട ക്രിമിനൽ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി, രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ….!

തന്നെ ഞങ്ങൾ ആണി അടിച്ചു തറയ്ക്കും….!

പേരാമ്പ്രയിൽ കോൺഗ്രസ്-പൊലീസ് സംഘർഷത്തിൽ ഷാഫി പറമ്പിൽ എംഎൽഎ അടക്കം ഏഴ് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റിരുന്നു. ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഡിവൈഎസ്പി ഹരിപ്രസാദിനും പത്തോളം പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. ഡിവൈഎസ്പിയുടെ കൈക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പേരാമ്പ്ര സികെജെ കോളേജിൽ ചെയർമാൻ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം സംഘർഷം ഉണ്ടായിരുന്നു. ഇതിൽ യുഡിഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് യുഡിഎഫ് പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നു.

ഹർത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മർദ്ദനമേറ്റെന്ന് ആരോപിച്ച് സിപിഐഎമ്മും പ്രകടനം നടത്താൻ തീരുമാനിച്ചു. ഒരേ സമയം രണ്ട് പ്രകടനങ്ങളും നേർക്കുനേർ വന്നതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിലിനും കോൺഗ്രസ് പ്രവർത്തകർക്കും ഡിവൈഎസ്പി ഉൾപ്പെടെ പൊലീസുകാർക്കും പരിക്കേറ്റത്.

ഈ മർദ്ദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ, ഇതിലും വലിയ പരാജയം പേരാമ്പ്രയിൽ നിങ്ങൾക്കുണ്ടാകുമെന്ന് പറയാൻ ആഗ്രഹിക്കുകയാണെന്നായിരുന്നു സംഭവത്തിന് പിന്നാലെ ഷാഫി പ്രതികരിച്ചത്. എന്തിനെക്കൊണ്ട് വാർത്ത മറച്ചാലും സ്വർണം കട്ടവരെ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കുക തന്നെ ചെയ്യും. ഇനി പൊലീസിനോടാണ്, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം. ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി തങ്ങൾ നൽകുന്നതായിരിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു.

Related Articles

Back to top button