കെ പി സി സി പുനഃസംഘടന.. കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം.. അതൃപ്തി പ്രകടിപ്പിച്ച് എംപിമാർ….

കെപിസിസി പുനഃസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം.നിലവിലെ ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് എംപിമാരടക്കം രംഗത്തെത്തിയതോടെ ദില്ലിയില്‍ സമവായ ചര്‍ച്ചകള്‍ തുടരുകയാണ്. 9 ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുമെന്നാണ് സൂചന.

കെപിസിസിയിൽ നിലവിലുള്ള ജനറൽ സെക്രട്ടറിമാർക്കൊപ്പം ഇരുപതോളംപേരെ കൂട്ടിച്ചേർത്തും എൺപതോളം സെക്രട്ടറിമാരെ പുതുതായി നിയമിച്ചുമുള്ള ജംബോ പട്ടികയ്ക്ക് അരങ്ങൊരുങ്ങിയതായിട്ടാണ് റിപ്പോർട്ട്.നാലോ അഞ്ചോ ഇടങ്ങൾ നിലനിർത്തി മറ്റുള്ള ഡിഡിസി പ്രസിഡന്റുമാരെ മാറ്റാനായിരുന്നു ധാരണയെങ്കിലും തൃശ്ശൂരൊഴികെ എല്ലായിടത്തും മാറ്റണമെന്ന നിർദേശം ഉയർന്നതിനാൽ ചർച്ചകൾ തുടരുകയാണ്.

അതേസമയം കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാരെ മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. കൊല്ലം ഡിസിസി അധ്യക്ഷനെ മാറ്റുന്നതില്‍ കൊടിക്കുന്നില്‍ സുരേഷും നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.ദീപ ദാസ് മുന്‍ഷി, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, വി ഡി സതീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഘട്ടങ്ങളായുള്ള ചര്‍ച്ചയിലും തീരുമാനമായിട്ടില്ല. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ പട്ടിക പുറത്തു വിട്ടേക്കും.

തൃശ്ശൂര്‍ ഡിസിസി ഒഴികെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മറ്റു ഭാരവാഹികളേയും മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും തര്‍ക്കം തുടരുകയാണ്.കെപിസിസി അധ്യക്ഷനേയും വര്‍ക്കിംഗ് പ്രസിഡന്റുമാരേയും മെയ്മാസത്തില്‍ മാറ്റിനിയമിച്ചിരുന്നു. മറ്റുഭാരവാഹികളെ ഉടന്‍ തീരുമാനിക്കാനും ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നുവെങ്കിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പുനസംഘടന പൂര്‍ത്തിയാക്കാനായിരുന്നു കെപിസിസി തീരുമാനം. ഇതിനിടയില്‍ കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ശശി തരൂര്‍ എം പിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയതായാണ് വിവരം. പുനസംഘടന പൂര്‍ത്തിയാക്കാനുള്ള പിന്തുണ തേടിയതായി കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.

രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരുമായും എം കെ രാഘവന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നീ എം പിമാരുമായും കെ പി സി സി അധ്യക്ഷന്‍ ചര്‍ച്ചകള്‍ നടത്തി.

Related Articles

Back to top button