പിടികിട്ടാപ്പുള്ളിയല്ല.. അറസ്റ്റിന് പൊലീസ് അമിത വ്യഗ്രത.. അൻവറിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്…

പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ പ്രതികരണവുമായി കോൺഗ്രസ്.സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി ആരോപിച്ചു. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു.

‘പൊതുപ്രവർത്തകനും എംഎൽഎയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പൊലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ മടിച്ച പൊലീസിന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പൊലീസ് കാണിക്കാത്ത ആത്മാർത്ഥത അൻവറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരൻ പറഞ്ഞു.

അതേസമയം ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. സിപിഐഎമ്മിനെ എതിര്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.പി വി അന്‍വറിനോട് തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാരിനും അഭിപ്രായ വ്യത്യാസങ്ങള്‍ കാണും. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ എത്ര പേരെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അന്‍വര്‍ ഒരു എംഎല്‍എയല്ലേയെന്നും എവിടെയും ഒളിച്ചുപോകുന്ന സാഹചര്യമില്ലല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസ് നിയമപരമായി വേണം പ്രവര്‍ത്തിക്കാന്‍. ഇവിടെ പൊലീസിന്റെ നടപടി കിരാതമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button