‘രമ്യ മോശമായിരുന്നു എന്ന് നൂറ് ശതമാനം ഉറപ്പായിരുന്നു, പാർട്ടി പറഞ്ഞതല്ലേ, എന്താ ചെയ്യാ?’

ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയായി നിർത്തിയതിൽ ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ വിമർശനം. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പ്രാദേശിക നേതാക്കളുടെ വിമർശനം.

ഗ്രൂപ്പിൽ രമ്യ ഹരിദാസ് മോശം സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ പറയുന്ന ശബ്ദസന്ദേശങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. സ്ഥാനാർഥി വളരെ മോശമായിരുന്നു. അത് എല്ലാവർക്കും നൂറ് ശതമാനം ഉറപ്പായിരുന്നു. പക്ഷെ നമുക്ക് അത് പുറത്തുപറയാൻ പറ്റില്ല. പാർട്ടി അവതരിപ്പിച്ചത് രമ്യയെ ആയതുകൊണ്ട് ഒന്നും പറയാൻ പറ്റില്ലെന്നും അതുകൊണ്ടാണ് അവരെ പിന്തുണച്ചതെന്നും ശബ്ദസന്ദേശത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ പറയുന്നു. പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും എന്നാൽ സ്ഥാനാർത്ഥി കൂടി വിചാരിക്കണമായിരുന്നുവെന്നും, വേറൊരാൾ ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ക്ലിയർ ആകുമായിരുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.

ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നിയമസഭ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയത് തെറ്റായ തീരുമാനമെന്നാണ്
കോൺഗ്രസിനുള്ളിൽ പൊതുവിമർശനം. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കിയ മുന്നണികള്‍ നേട്ടമുണ്ടാക്കിയതും ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം വോട്ടാകാതിരുന്നത് സ്ഥാനാർത്ഥിത്വത്തിന്റെ പ്രശ്‌നമാണെന്നും പരാതിയുണ്ട്. ചേലക്കരയില്‍ 12,201 വോട്ടുകള്‍ക്കാണ് യുഡിഎഫ് തോറ്റത്. ഇതിന് പിന്നാലെയാണ് മണ്ഡലത്തിനുള്ളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി ഉയര്‍ത്തിയത്.

Related Articles

Back to top button