‘ആദിവാസികള്‍ ഹിന്ദുക്കള്‍ അല്ല’ ; കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍
ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന വിവാദത്തില്‍. മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമാങ് സിങാറിന്റേതാണ് പരാമര്‍ശം. ചിന്ദ്‌വാരയില്‍ നടന്ന ഗോത്ര വികസന കൗണ്‍സില്‍, ദേശീയ കരംദാര്‍ പൂജ പരിപാടിയില്‍ വെച്ചാണ് സിങറിന്റെ പ്രസ്താവന.
‘ആദിവാസികള്‍ ഹിന്ദുക്കളല്ലെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്. ഇതാണ് എന്റെ വിശ്വാസവും ഗോത്ര സമൂഹത്തിന്റെ വികാരവും. നമുക്ക് നമ്മുടെതായ ആചാരങ്ങളും സംസ്‌കാരവും ജീവിതരീതിയും ഉണ്ട്. നമ്മള്‍ വിളകളെയും മരങ്ങളെയും പ്രകൃതിയെയും ആരാധിക്കന്നില്‍, ബിജെപിക്ക് എന്താണ് പ്രശ്നം?’ ഉമാങ് സിങാര്‍ പറഞ്ഞു.
ഗോത്രവര്‍ഗക്കാര്‍ രാജ്യത്തെ ആദിമ നിവാസികളാണെന്ന് പറയുന്നു. എന്നാല്‍ ആദിവാസികള്‍ അവരുടെ പാരമ്പര്യങ്ങള്‍ പിന്തുടരുന്നത് തടയാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും ഉമാങ് സിങാര്‍ ആരോപിച്ചു. തന്റെ പ്രസ്താവന ഒരു മതത്തിനുമെതിരല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
‘ഞങ്ങള്‍ ആരെയും അനാദരിക്കുന്നില്ല. ഞാന്‍ ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നു, പക്ഷേ ബിജെപി അവരുടെ അജണ്ട നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു. ഇന്നുവരെ, ഗോത്ര വംശജരായ ഒരു സര്‍സംഘചാലകും ആര്‍എസ്എസില്‍ ചേര്‍ന്നിട്ടില്ല.’ ഉമാങ് സിങാര്‍ പറഞ്ഞു. എല്ലാ സമൂഹങ്ങള്‍ക്കും അവരുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉമാങ് സിങാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. സിങറിന്റെ പരാമര്‍ശം സാമൂഹ്യ സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും ഹാനികരമാണ്. സമൂഹത്തെ വിഭദിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉമാങ് സിങാര്‍ ഗോത്രസമൂഹത്തോട് മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി ദുര്‍ഗാദാസ് ഉയ്‌കെ ആവശ്യപ്പെട്ടു.